Home | About Us | Archives | Photo Gallery | Video | Advt.Tariff | Subscription | Font Problem? | Links | Contact Us
 
 


>>വായനാമുറി

ആദര്‍ശവത്കരിക്കപ്പെട്ട
അധീശത്വങ്ങളെക്കുറിച്ച്

 

# എസ്. മുഹമ്മദ് ഷാ

 
 




കേരളീയ കാമ്പസുകളെ ചുറ്റിപ്പറ്റി രൂപപ്പെട്ടിട്ടുള്ള മിത്തുകളുടെ രാഷ്ട്രീയം അന്വേഷിക്കുന്നത് വര്‍ത്തമാനകാലത്തെ വലിയ ധിക്കാരങ്ങളിലൊന്നാണ്. കാമ്പസിനെക്കുറിച്ചുള്ള ഏതൊരു വര്‍ത്തമാനവും ഗൃഹാതുരത്വം നിറഞ്ഞ നിശ്വാസത്തില്‍ ചെന്നാണവസാനിക്കുന്നത്. 'എഴുപതുകളിലെ കാല്‍പനികത തുളുമ്പുന്ന ഇടതുപക്ഷ മതേതര ജനാധിപത്യ കാമ്പസുകള്‍' പുതിയ കാലത്തെ കലാലയ സര്‍ഗാത്മകതയെക്കുറിച്ചുള്ള സകല വര്‍ത്തമാനത്തെയും തുരങ്കം വെക്കുന്നു. മതേതര ആധുനികതയില്‍ അദൃശ്യമാക്കപ്പെട്ട ജാതി/മത സ്വത്വ രാഷ്ട്രീയം പുറത്തുവരാന്‍ തുടങ്ങിയതോടുകൂടി അസ്വസ്ഥപ്പെട്ട സവര്‍ണ ഇടതുപക്ഷത്തിന്റെ പിടച്ചിലുകളാണ് '80കള്‍ക്കു ശേഷം ഇ.എം.എസ്സിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട ന്യൂനപക്ഷ വേട്ടയുടെ പ്രധാന കാരണം. ദേശരാഷ്ട്രത്തിന്റെ ആവിര്‍ഭാവത്തോടുകൂടി ഭദ്രമാക്കപ്പെട്ട ദേശീയതാ സങ്കല്‍പം യഥാര്‍ഥത്തില്‍ വംശീയമായിരുന്നു എന്ന് തിരിച്ചറിയപ്പെടുന്നതും '80-കളോടെയാണ്. നവോത്ഥാനത്തെക്കുറിച്ചും ആധുനികതയെക്കുറിച്ചും അതുവരെ നിലനിന്നുപോന്ന ആഖ്യാന-വ്യവഹാരങ്ങള്‍ ന്യൂനപക്ഷങ്ങളുടെ സ്വതന്ത്രമായ സ്വത്വപ്രകാശനങ്ങളെ വിസമ്മതിക്കുന്നതായിരുന്നു. ഈ വ്യവഹാര സ്രോതസ്സില്‍നിന്ന് രൂപപ്പെട്ട ആധുനികതയുടെ പൊതുബോധത്തില്‍ വെച്ചാണ് ചില ആവിഷ്‌കാരങ്ങള്‍/ആഖ്യാനങ്ങള്‍ സ്വതന്ത്രവും ഉത്തമവുമായ രാഷ്ട്രീയ പ്രകടനങ്ങളും, പ്രതി ആവിഷ്‌കാരങ്ങള്‍/ ആഖ്യാനങ്ങള്‍ ഭീകരവാദവും ആകുന്നതും.
കാമ്പസിന്റെ സമകാലീനതയെ വിലയിരുത്തുമ്പോള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നത് ഈ ബോധമാണ്. 'ആദര്‍ശകാമ്പസ്' എന്ന വിശേഷണം ഇല്ലാതാക്കിക്കളയുന്ന/ പ്രാന്തവത്കരിച്ചുകളയുന്ന പുതിയ കാലത്തെ കാമ്പസ് സര്‍ഗാത്മകതയുടെ രാഷ്ട്രീയാഖ്യാനങ്ങളെ ഭീകര പ്രവര്‍ത്തനങ്ങളായി കാണുന്ന സവര്‍ണ ഇടതുപക്ഷ വിശകലനരീതികള്‍ നിരാകരിക്കപ്പെടേണ്ടതാണെന്ന് നമ്മെ ഉണര്‍ത്തുന്നതാണ് 'ക്ലാസ്‌മേറ്റ്‌സ്: കാമ്പസിന്റെ ചരിത്രം അഥവാ കാമ്പസിന്റെ വര്‍ത്തമാനം' എന്ന പുസ്തകം. കവിതകളും വിശകലനങ്ങളും പഠനങ്ങളും ചര്‍ച്ചകളും അഭിമുഖങ്ങളും കഥകളുമെല്ലാം കോര്‍ത്തിണക്കിയ ഈ പുസ്തകം കേരളീയ കാമ്പസ് അനുഭവങ്ങളിലെ ഹൃദ്യവും മനോഹരവുമായ ഒരു രാഷ്ട്രീയ ഏടാണ്.
കാമ്പസ് സന്തോഷങ്ങളുടെ (campus fun) പ്രത്യയശാസ്ത്രം ഈ പുസ്തകത്തില്‍ ഹൈലൈറ്റ് ചെയ്യപ്പെടുന്ന ഒന്നാണ്. മലയാളത്തിലെ കാമ്പസ് സിനിമകളെ കേന്ദ്രീകരിച്ച് ജെനിറൊവീന നടത്തുന്ന പഠനം ഈ അര്‍ഥത്തില്‍ ശ്രദ്ധേയമാണ്. സവര്‍ണ അധീശ മാതൃകകളെ മുന്‍നിര്‍ത്തി നിര്‍വഹിക്കുന്ന കാമ്പസ് പ്രതിനിധാനങ്ങള്‍ ജാതിയുടെയും മതത്തിന്റെയും എല്ലാവിധ വ്യവഹാര സാധ്യതകളെയും മുന്‍കൂറായി നിഷേധിക്കുന്നതാണ്. 'ക്ലാസ്‌മേറ്റ്‌സ്' എന്ന സിനിമയുടെ അതിവായനയിലൂടെ സവര്‍ണ ഇടതുപക്ഷ ഭാവുകത്വം ആധിപത്യം ചെലുത്തിയിരിക്കുന്ന കേരളീയ കാമ്പസ് പ്രതിനിധാനവ്യവസ്ഥ എത്രമാത്രം ഏകശിലാത്മകമാണ് എന്ന് മനസ്സിലാകും.
പോസ്റ്റ് ബാബരി കാമ്പസ് വിശകലനം ചെയ്യുന്ന അജയ് പി. മങ്ങാട്ട് ജാതി മത വിഭാഗങ്ങള്‍ സ്വത്വബോധം വീണ്ടെടുക്കുന്നത്, ഉത്തരാധുനികതയുടെ ഭാഗമായ സ്വത്വത്തിലേക്കുള്ള /പാരമ്പര്യത്തിലേക്കുള്ള മടങ്ങിപ്പോക്ക് എന്ന വെറും വര്‍ത്തമാനങ്ങള്‍ കൊണ്ട് വിശദീകരിക്കാവുന്നതിലുമപ്പുറമാണ് എന്ന് അനുഭവങ്ങള്‍ കൊണ്ട് പറഞ്ഞുവെക്കുന്നു.
യാഥാസ്ഥിതിക ഇടതുപക്ഷത്തിന്റെ മൂര്‍ത്ത രൂപമായ എസ്.എഫ്.ഐ കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ചരിത്രത്തില്‍ അവഗണിക്കാനാവാത്ത സാന്നിധ്യമാണ്. എഴുപതുകളിലെ കാമ്പസുകളുടെ ഭാവുകത്വം തന്നെയായിരുന്നു എസ്.എഫ്.ഐ. എന്നാല്‍ തുടര്‍ന്ന് രൂപപ്പെട്ട സ്വത്വരാഷ്ട്രീയ വ്യവഹാരങ്ങളെ ധനാത്മകമായി ഉള്‍ക്കൊള്ളുന്നതില്‍ എസ്.എഫ്.ഐ പരാജയപ്പെട്ടു. അത് എസ്.എഫ്.ഐ എന്ന സംഘടനയുടെ മാത്രം പ്രശ്‌നമായിരുന്നില്ല. മാര്‍ക്‌സിയന്‍ വിശകലന രീതിശാസ്ത്രങ്ങളുടെ കൂടി പ്രശ്‌നമായിരുന്നു. അതുകൊണ്ടാണ് പി.കെ ബിജുവെന്ന ദലിതനെ അഖിലേന്ത്യാ പ്രസിഡന്റാക്കിയിട്ടും എസ്.എഫ്.ഐക്ക് ദലിത് സ്വത്വരാഷ്ട്രീയത്തെ അഭിസംബോധന ചെയ്യാന്‍ കഴിയാതെ വന്നത്. ഇത്, കേരളത്തില്‍ ഇന്ന് ഇടതുപക്ഷം നേരിടുന്ന പ്രതിസന്ധിയുടെ പരിഛേദമാണ്. കേരളത്തില്‍ ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം/കീഴാള രാഷ്ട്രീയത്തോട് നിവര്‍ന്നു നിന്ന് സംവദിക്കാന്‍ അശക്തമാക്കുന്ന ഈ പ്രതിസന്ധിയെ ഭീകരവാദമെന്ന് പറഞ്ഞ് മറികടക്കാന്‍ കഴിയില്ല എന്ന് ഇടതുപക്ഷ ബുദ്ധിജീവികള്‍ മനസ്സിലാക്കാന്‍ വൈകുന്നു. മതേതര ആധുനികതയുടെ സവര്‍ണ-വംശീയ മുന്‍വിധികളോടുള്ള പ്രതിരാഷ്ട്രീയ വ്യവഹാരങ്ങളുടെ തീച്ചൂളയില്‍ പിറന്ന 'മതേതര ഭീകരത' പോലുള്ള പ്രയോഗങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യാതെ പദങ്ങള്‍ കൊണ്ട് പകിടകളി നടത്തി പരിഹരിക്കാനാവുന്നതാണിതൊക്കെ എന്ന് കരുതുന്ന ഇടതുബുദ്ധിജീവികളുടെ ഭീകരമായ നിസ്സഹായതയും പുസ്തകം വിശകലന വിധേയമാക്കുന്നുണ്ട്. കാമ്പസുകളിലുയരുന്ന ദലിത് രാഷ്ട്രീയത്തെ അടിസ്ഥാനപ്പെടുത്തി എസ്.എഫ്.ഐ ആശയപരമായി നിരായുധരായിപ്പോയതിന്റെ വിശകലനം പുസ്തകത്തിന്റെ പ്രധാന ആകര്‍ഷകമാണ്. എസ്.എഫ്.ഐ എന്ന സംഘടനാ സാന്നിധ്യം കാമ്പസുകളിലുണ്ടെങ്കിലും എസ്.എഫ്.ഐ എന്ന ആശയ സാന്നിധ്യം വിദ്യാര്‍ഥികളില്ലില്ലാതെ പോകുന്ന രാഷ്ട്രീയ സാഹചര്യത്തെ കൈയൂക്കും കൊടുവാളുമായി നേരിടുന്ന വിഡ്ഢിത്തമവസാനിപ്പിച്ച് പുതിയ സര്‍ഗാത്മകതയെ ആശയപരമായി അഭിമുഖീകരിക്കാന്‍ സന്നദ്ധമാവണമെന്ന വെല്ലുവിളി ഉയര്‍ത്തുകയാണ് 'ക്ലാസ്‌മേറ്റ്‌സ്'.
ജെ.എന്‍.യു എന്ന ഇടതുപക്ഷ മിത്തിനെ കേന്ദ്രീകരിച്ച് എസ്. സന്തോഷ്, ജോഷിന്‍ കെ. എബ്രഹാം എന്നിവര്‍ നടത്തുന്ന വിശകലനം ശ്രദ്ധേയമാണ്. മണ്ഡല്‍ കമീഷനാനന്തര ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്വത്വപരമായ വീണ്ടെടുപ്പിനെ സഹിഷ്ണുതയോടെ കാണാനാകാത്തത് ജെ.എന്‍.യുവിന്റെ ധൈഷണിക മരവിപ്പിനെയാണ് അടയാളപ്പെടുത്തുന്നത്. യോഗ്യത, കഴിവ് തുടങ്ങിയ വിശേഷണങ്ങള്‍ പ്രതിനിധാന വ്യവഹാരങ്ങളില്‍ ഏകപക്ഷീയമായിപ്പോകുന്നു എന്ന പ്രശ്‌നം ഈ വിശകലനങ്ങള്‍ക്കുണ്ട്. ഇങ്ങനെ ഉറഞ്ഞുപോയ അബോധത്തിന്റെ ആഖ്യാനങ്ങളാണ് സംരവണ വിരുദ്ധ വര്‍ത്തമാനങ്ങളൊക്കെയും. ഇത്തരമൊരു ആശയപരിസരത്തെ മനസ്സിലാക്കാതെ കണക്കുകള്‍ മാത്രം കൊണ്ടുള്ള വാദങ്ങള്‍ക്ക് പരിമിതിയുണ്ട്. ജാതിയുടെ പ്രശ്‌നമണ്ഡലങ്ങളെ സൂക്ഷ്മമായി വായിച്ചെടുക്കാന്‍ കഴിയാതിരിക്കുന്നു എന്നതാണ് ജെ.എന്‍.യുവിന്റെ പ്രശ്‌നം. 'ജെ.എന്‍.യു എന്ന അഗ്രഹാരം' എന്ന തലക്കെട്ട് ശ്രദ്ധേയമായ ഒരു രാഷ്ട്രീയ വിളംബരമാണ്. ഇന്ത്യന്‍ സവര്‍ണ-ഹൈന്ദവ ഇടതുപക്ഷത്തിന്റെ പരിണാമങ്ങളെ വിശാലമായി അടയാളപ്പെടുത്താനുള്ള വേദിയാക്കാമായിരുന്നു ജെ.എന്‍.എയു വിശകലനത്തെ. മറുനാടന്‍ കാമ്പസുകളിലെ മലയാളി സാംസ്‌കാരികതയെക്കുറിച്ച് ശിഹാബ് പൂക്കോട്ടൂര്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. മലയാളി ഗൃഹാതുരത്വം രൂപീകരിക്കപ്പെടുന്നതിന്റെ രസക്കൂട്ടുകള്‍ ജാതിസ്വത്വങ്ങളെ മറച്ചുവെക്കുന്ന 'കേരളീയത'യുടെ ചരിത്രാഖ്യായികകളിലെ സവര്‍ണ ഹൈന്ദവ മുദ്രകളാണ്. 'ഔദ്യോഗിക സംസ്‌കാരം' എന്ന കൃത്രിമത്തിന് കീഴില്‍ ശ്വാസം മുട്ടുന്ന ജാതി-മത നിശ്വാസങ്ങളുടെ അതിജീവന ശ്രമങ്ങള്‍ സവര്‍ണ ആധുനികത നിര്‍മിച്ചെടുത്ത 'കേരളീയത'യുടെ 'ദേശ' വ്യവഹാര വ്യവസ്ഥക്ക് പുറത്തുനില്‍ക്കുന്ന വിഘടനപരമായ 'എന്തോ' ആണ്. ഇത്തരം സാംസ്‌കാരിക പ്രകാശനങ്ങള്‍ക്ക് മലയാൡത്തെ/കേരളീയ സാംസ്‌കാരിക ഗൃഹാതുരത്വത്തെ പ്രതിനിധീകരിക്കാന്‍ അവകാശമില്ലെന്ന 'അഹങ്കാരം നിറഞ്ഞ' അബോധം മറുനാടന്‍ കാമ്പസുകളിലെ മലയാളി സാംസ്‌കാരിക കൂട്ടായ്മകളില്‍ ആധിപത്യം ചെലുത്തിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.
കേരളീയ കലാലയങ്ങളിലെ ജാതി-മത സ്വത്വ സന്ദിഗ്ധതകളെക്കുറിച്ച് കാര്യമായി ചര്‍ച്ച ചെയ്യുന്നുണ്ട് പുസ്തകം. ടി.ടി.എ ലൂക്കോസ്, പി.കെ ശശിധരന്‍, എം.എല്‍ സനില്‍, പി.കെ രതീഷ് തുടങ്ങിയവരുടെ പഠനങ്ങള്‍ കേരളീയ വിദ്യാലയങ്ങളിലെ ജാതി സ്വത്വ വ്യവഹാരങ്ങളുടെ വര്‍ത്തമാനത്തെ ആഴത്തില്‍ അപഗ്രഥിക്കുന്നുണ്ട്. മതേതര ആധുനികത, മതേതര ഇടതുപക്ഷം, കേരളീയ നവോത്ഥാനം തുടങ്ങിയ ഘടകങ്ങള്‍ ജ്ഞാനാധികാര മണ്ഡലങ്ങളില്‍ നിര്‍ണയിക്കപ്പെട്ടിരിക്കുന്നതിന്റെ രാഷ്ട്രീയം അന്വേഷിക്കുന്നുണ്ട് ഈ പഠനങ്ങളൊക്കെയും. ബിന്ദു വാസുദേവ് എന്ന ഗവേഷണ വിദ്യാര്‍ഥിനിയുടെ അനുഭവമെഴുത്ത് ഈ പുസ്തകത്തിന്റെ പാഠങ്ങള്‍ക്ക് ശ്രദ്ധേയമായ കനം നല്‍കുന്നുണ്ട്. 'പുരോഗമന ജനാധിപത്യ ഇടതുപക്ഷ'ത്തിന്റെ 'സ്വര്‍ഗഭൂമികളില്‍' ജാതി സ്വത്വം എങ്ങനെയൊക്കെ മാനിക്കപ്പെടുന്നു എന്നതിന്റെ അനുഭവ ചരിത്രങ്ങള്‍ ഒന്നിലധികമുണ്ട്.
ഇസ്‌ലാമിക വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ പക്ഷത്തുനിന്നുള്ള എഴുത്തുകളും പുസ്തകം ഉള്‍ക്കൊള്ളുന്നു. 'ഇസ്‌ലാമിസ്റ്റ് കാമ്പസും ഇടതു കാമ്പസും' എന്ന തലക്കെട്ടില്‍ സി. ദാവൂദ് നടത്തുന്ന വിശകലനം 'മതേതര ഇടതുപക്ഷത്തിന്റെ' നിലനില്‍പുന്യായങ്ങളോടുള്ള ശക്തമായ വിയോജിപ്പാണ്. ഇടതുബോധ പരിസരത്തുനിന്ന് മാത്രം വളം നേടുന്നു എന്നു പറയപ്പെടുന്ന ജനാധിപത്യ പുരോഗമന ആശയമണ്ഡലത്തിനകത്ത് ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ അണു പ്രസരണമാണെന്ന ബോധ്യം എസ്.ഐ.ഒവില്‍ കൂടിയാണ് കേരളീയ സമൂഹം ഉള്‍ക്കൊള്ളുന്നത്. ഏകാധിപത്യത്തെ ന്യായീകരിക്കാന്‍ മാത്രമുള്ള ആശയാവലികളായി മതേതര-പുരോഗമന വാദങ്ങള്‍/വാദികള്‍ മാറിത്തീര്‍ന്ന കാലത്തെ സര്‍ഗാത്മക രാഷ്ട്രീയ പക്ഷമാണ് എസ്.ഐ.ഒ എന്ന് തുറന്നു സമ്മതിക്കാന്‍ നമ്മുടെ ബുദ്ധിജീവികളും ആനുകാലികങ്ങളും മടിക്കുമ്പോള്‍, മരിച്ചുപോയേക്കാവുന്ന രാഷ്ട്രീയ നൈതികതയുടെ/ നൈതിക രാഷ്ട്രീയത്തിന്റെ വീണ്ടെടുപ്പായി 'ക്ലാസ്‌മേറ്റ്‌സി'നെ കാണുന്നതില്‍ തെറ്റില്ല.
കൊളോണിയല്‍ ആധുനികതയുടെ അധികാര വ്യവഹാരങ്ങളില്‍ കേരളീയ ജാതി-മത സ്വത്വങ്ങള്‍ ഞെരിഞ്ഞമരുന്നു എന്ന വേദനയെ കാമ്പസ് കാലത്തെ പ്രക്ഷോഭങ്ങളാക്കി മാറ്റിയെടുക്കാന്‍ കഴിയുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രസക്തി. ജി.ഐ.ഒ പ്രവര്‍ത്തകരടക്കമുള്ള വലിയൊരു വനിതാവൃത്തം ഈ പുസ്തകത്തിന് നിറം പകരുന്നു. 'സിയാസ്' വാഴയൂരിലെ എം.സി.ജെ വിദ്യാര്‍ഥി കെ. അശ്‌റഫ് ആണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. പുസ്തകത്തിന് പാഠപരമായ ആമുഖം എഴുതിയിരിക്കുന്ന കെ. അശ്‌റഫിന്റെ ലേഖനത്തിന്റെ തലക്കെട്ടുതന്നെയാണ് ചെറിയൊരു കൂട്ടിച്ചേര്‍ക്കലിലൂടെ പുസ്തകത്തിനും നല്‍കിയിരിക്കുന്നത്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.എം സ്വാലിഹ് ആമുഖമെഴുതിയിരിക്കുന്നു. പ്രസാധനവും വിതരണവും എസ്.ഐ.ഒ കേരള. കേരളീയ കാമ്പസുകളില്‍ അര്‍ഥമുള്ള രാഷ്ട്രീയത്തിന്റെ നടവഴികളിലെ നാഴികക്കല്ലായിരിക്കും ഈ പുസ്തകം.
[email protected]

 

Welcom To Our Website:
http://jihkerala.org | http://jihwomenkerala.org | http://solidarityym.org | http://siokerala.org | http://bodhanam.net |
http://aramamonline.net | http://malarvadie.net | http://thafheeme.net | http://lalithasaram.net | http://islammalayalam.net | http://islampadanam.com | http://dishaislamonline.net | http://dharmadhara.com |http://iphkerala.com | http://imbkerala.net | http://majliskerala.org | http://aljamia.net |

© Prabodhanam weekly